തൃശൂർ: നഗരഹൃദയത്തിലെ ഗതാഗതക്കുരുക്കിനും റോഡ് അപകടങ്ങൾക്കും പരിഹാരമാകേണ്ട തൃശൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ചുവപ്പുനാടയിൽ കുരുങ്ങിയിട്ടു നാളേറെയായി. 2022 ഡിസംബറിൽ സംസ്ഥാന സർക്കാർ താൽക്കാലികമായി മാറ്റിവച്ച ഈ ബൃഹദ് പദ്ധതി, നാലുവർഷം പിന്നിട്ടിട്ടും പുനരുജ്ജീവിപ്പിക്കാൻ നടപടിയില്ല.
എംജി റോഡ്, പടിഞ്ഞാറേക്കോട്ട, കാൽവരി റോഡ്, ശങ്കരയ്യ റോഡ്, കാനാട്ടുകര, ചുങ്കം, അരണാട്ടുകര, അയന്തോൾ, ഒളരി തുടങ്ങി നഗരത്തിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിലെ ഗതാഗതക്കുരുക്കിൽ കാൽനടയാത്രപോലും ദുഷ്കരമാണ്. ശാസ്ത്രീയമായ ജംഗ്ഷൻ നവീകരണത്തിന്റെ കുറവും, കൃത്യമായ നടപ്പാതകൾ ഇല്ലാത്തതും കാരണം ഈ മേഖലകളിൽ അപകടമരണങ്ങൾ ഉയരുകയാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടമേഖലകൾ കണ്ടെത്താൻ നാറ്റ്പാക്ക് അടിയന്തര റോഡ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ഫയലിൽ ഒതുങ്ങി.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും തിരിച്ചടി
തൃശൂർ റെയിൽവേ സ്റ്റേഷൻ വലിയ രീതിയിലുള്ള പുനർവികസന പദ്ധതികളിലേക്കു കടക്കുന്പോൾ, സ്റ്റേഷനിലേക്ക് എത്തിച്ചേരുന്ന റോഡുകളിലെ ഇടുങ്ങിയ അവസ്ഥ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ശാസ്ത്രീയമായ ഗതാഗതനിയന്ത്രണ സംവിധാനങ്ങളോ, സുഗമമായ പ്രവേശന -പുറപ്പെടൽ കവാടങ്ങളോ ഒരുക്കാൻ റോഡ് വികസനം തടസപ്പെടുന്നതുവഴി സാധിക്കുന്നില്ല. നഗരത്തിന്റെ ഭാവിവികസനത്തെപ്പോലും ഇതു ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
എംഎൽഎയ്ക്ക് കൂട്ടഹർജി
നാലുവർഷമായി തുടരുന്ന ഈ വികസന മുരടിപ്പിനെതിരേ ശക്തമായ ജനകീയ പ്രതിഷേധവുമായി തൃശൂർ സിറ്റിസണ്സ് രംഗത്തെത്തി. പദ്ധതി അടിയന്തരമായി പനുജ്ജീവിപ്പിച്ചു നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ ഭീമൻ കൂട്ടഹർജി തൃശൂർ എംഎൽഎ രാജൻ ജെ. പല്ലനു സമർപ്പിച്ചു.
സംഘടനയ്ക്കുവേണ്ടി ഭാരവാഹികളായ എം.ആർ. സജീവ്കുമാർ, സി.എ. മുരളീധരൻ, ബിജു ടി. ജോസഫ്, ടി.കെ. ബിനേഷ്, പി.കെ. ഗണേഷ്, ജി. ഹരീഷ് എന്നിവരും നഗരത്തിലെ ഇരുനൂറോളം വരുന്ന പൊതുജനങ്ങളും ഒപ്പിട്ട നിവേദനമാണ് എംഎൽഎയ്ക്കു കൈമാറിയത്. തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡ് വികസനവുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കും ഇവർ ഹർജി നൽകിയിരുന്നു. പദ്ധതിയുടെ അടിയന്തരപ്രാധാന്യം ചൂണ്ടിക്കാട്ടി ഈ കൂട്ടഹർജിയുടെ പകർപ്പുകൾ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെആർഎഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്കും സംഘടന കൈമാറിയിട്ടുണ്ട്.